മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
മലയാള സിനിമയിലെ സമസ്ത മേഖലയിലും കൈയ്യൊപ്പ് പതിഞ്ഞ വ്യക്തിത്വം, മലയാളത്തില്‍ 1000ത്തിലധികം ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 236 ചിത്രങ്ങളിലായി മൂവായിരത്തിലേറെ സിനിമാഗാനങ്ങള്‍ എഴുതിയവയില്‍ മിക്കവയും ഹിറ്റുകള്‍ സംഭവാന ചെയ്തവയാണ്.
നിരവധി ലളിതഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും വേണ്ടിയും പാട്ടെഴുതി. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം, സംഗീതസംവിധാനം തുടങ്ങി എല്ലാ മേഖലയിലും ശ്രീകുമാരന്‍ തമ്പിയുടെ സംഭാവനകളുണ്ട്. കവി കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്ര ഗ്രന്ഥകാരന്‍ തുടങ്ങിയ നിലയില്‍ തന്‍േതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
പ്രേംനസീര്‍ നായകനായ ചന്ദ്രകാന്തം (1974) ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന വേനലില്‍ ഒരു മഴ, നായാട്ട്, ഇടിമുഴക്കം, പുതിയ വെളിച്ചം, ഏതോ ഒരു സ്വപ്നം, ഗാനം, മോഹിനിയാട്ടം, യുവജനോത്സവം എന്നിവ ഉള്‍പ്പെടെ 30 സിനിമകള്‍ സംവിധാനം ചെയ്തു. ആറടി മണ്ണിന്റെ ജന്മി, വിലയ്ക്കു വാങ്ങിയ വീണ, ഉദയം, ചുമടുതാങ്ങി എന്നിങ്ങനെ 78 സിനിമകള്‍ക്ക് തിരക്കഥ എഴുതി. 22 സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും ചെയ്തു.
സിനിമയിലെ ന്യൂജനറേഷന്‍ പ്രവണതകളില്‍ അസംത്പ്യതനായ അദ്ദേഹം ദീര്‍ഘകാലം സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.പിന്നീട് ദീര്‍ഘകാലം ടെലിവിഷന്‍ രംഗത്ത് ചുവടുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പതിമൂന്നോളം സീരിയലുകള്‍ സംവിധാനം ചെയ്തു. മധു, ശാരദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2014ല്‍ പുറത്തിറങ്ങിയ ‘അമ്മയ്ക്കൊരു താരാട്ട്’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.
Leave a Comment