ഒടുവില്‍ ദുല്‍ഖര്‍ പ്രതികരിച്ചു; സന്തോഷം പ്രകടിപ്പിച്ച് സുഡാനി…!

മലയാള സിനിമാ ആസ്വാദകരുടെ മനംകവര്‍ന്നിരിക്കുകയാണ് സുഡു. കേരളത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മൊത്തത്തില്‍ ഒരു സുഡാനി തരംഗം. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ സാമുവല്‍ റോബിന്‍സണ്‍ അബിയോലയെ ഏവരും സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുമ്പോള്‍ അതിനൊപ്പം മറ്റൊരു വലിയ സന്തോഷത്തിലാണ് താരം. അതിനുകാരണമാണ് മലയാളത്തിലെ തന്റെ ഇഷ്ടതാരം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും തന്നെ ഫോളോ ചെയ്യുന്നു എന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സുഡാനിയുടെ ഇഷ്ടമലയാള താരം.
ഇക്കാര്യം അതിയായ സന്തോഷത്തോടെയാണ് സുഡാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കണ്ണീരോടെ തികഞ്ഞ ആവേശത്തിലുള്ള സുഡാനിയുടെ വിഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ദുല്‍ഖറിന്റെ നിലാകാശം പച്ചകടല്‍ ചുവന്നഭൂമി എന്ന ചിത്രമാണ് സുഡാനിക്ക് ഏറെ പ്രിയപ്പെട്ടത്.
നിരവധിയാളുകളാണ് സാമുവലിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്ത് വന്നത്. ഇന്നലെ വരെ സുഡാനി വളരെ വിഷമത്തിലായിരുന്നു. കാരണം തന്റെ ഇഷ്ട താരമായ ദുല്‍ഖറിന് അയച്ച മെസേജിന് മറുപടി ലഭിക്കാത്തതാണ് സാമുവലിന്റെ സങ്കടം. ഇക്കാര്യം സുഡാനി പരസ്യമായി പറഞ്ഞതും വാര്‍ത്തയായി.
ഇന്ത്യയിലെക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് റിസേര്‍ച്ച് നടത്തിയെന്നും അതില്‍ ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം തന്നെയും പ്രചോദിപ്പിച്ചെന്നുമാണ് സാമുവല്‍ പറഞ്ഞത്. ഒരു സൂപ്പര്‍ താരത്തിന്റെ മകനായിട്ട് കൂടി ഇത്രക്കും എളിമയോടെ പ്രവര്‍ത്തിക്കുന്ന ദുല്‍ഖര്‍ പ്രതീക്ഷയുടെ ദീപനാളമാണെന്നും സാമുവല്‍ പറയുന്നു.

എന്നാല്‍ ദുല്‍ഖറിന് അയച്ച ഈ മെസേജിന് മറുപടി കിട്ടാത്തതാണ് സാമുവലിനെ ഏറെ സങ്കടപ്പെടുത്തിയിരുന്നത്. താന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ വഴി തന്റെ സങ്കടം പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദുല്‍ഖര്‍ സുഡാനിക്ക് മറുപടി കൊടുത്തിരിക്കുന്നത്…
ദുല്‍ഖര്‍ സല്‍മാന്‍ സാമുവലിന്റെ ട്വീറ്റിന് മറുപടി നല്‍കുക മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ സാമുവലിനെ ഫോളോ ചെയ്യുകയും ചെയ്തിരിക്കുകയാണ്. സാമുവല്‍ തന്നെയാണ് ഈ സന്തോഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവസാനം ദുല്‍ഖര്‍ തനിക്ക് മറുപടി നല്‍കുകയും തന്നെ ഫോളോ ചെയ്യുകയും ചെയ്‌തെന്ന് പറഞ്ഞു കണ്ണീര്‍ പൊഴിക്കുകയാണ് സുഡുമോന്‍.
അതേസമയം സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടും താന്‍ കണ്ടിടത്തോളം സൗബിനും സാമുവലും തകര്‍ത്തിട്ടുണ്ടെന്നും തിരിച്ചെത്തിയാലുടന്‍ താന്‍ തീര്‍ച്ചയായും ചിത്രം കണ്ടിരിക്കുമെന്നും പറഞ്ഞാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഡാനി ഫ്രം നൈജീരിയക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ദുല്‍ഖര്‍ സല്‍മാന്‍ ആശംസകളര്‍പ്പിച്ചിരുന്നു. ചിത്രം ഹിറ്റാവുമെന്ന് തനിക്ക് ഉറപ്പാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment