വയല്‍കിളികളുടെ മൂന്നാംഘട്ട സമരം ഇന്ന് ആരംഭിക്കും; പിന്തുണയുമായി നിരവധി പ്രമുഖര്‍, പ്രദേശത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും.

സിപിഐഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമര പന്തല്‍ പുനഃസ്ഥാപിച്ച് കീഴാറ്റൂരില്‍ വയല്‍കിളികള്‍ ഇന്ന് മുതല്‍ സമരം പുനരാരംഭിക്കുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരില്‍ എത്തും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ചും തുടര്‍ന്ന് കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ മൂന്നാംഘട്ട ബൈപ്പാസ് വിരുദ്ധ സമര പ്രഖ്യാപനം നടത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുളളത്.

pathram desk 1:
Related Post
Leave a Comment