സുഷമാ സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനം; മന്ത്രിക്കെതിരേ ഡല്‍ഹിയില്‍ സമരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിയെ കാണാന്‍ ശ്രമിച്ച കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അതിനവസരം ലഭിച്ചില്ലെന്നാണ് ആരോപണം. ഓഫീസുമായി ബന്ധപ്പെടുമ്പോഴൊക്കെ മന്ത്രി തിരക്കിലാണെന്നും മൃതദേഹ ഭാഗങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ തിരക്കിലാണവര്‍ എന്ന മറുപടിയുമാണ് ലഭിക്കുന്നതെന്ന് ഇറാഖില്‍ കൊല്ലപ്പെട്ട മഞ്ജീന്ദര്‍ സിങ്ങിന്റെ സഹോദരന്‍ ഗുര്‍പീന്ദര്‍ സിങ് ആരോപിച്ചു.
കൊല്ലപ്പെട്ടവരുടെ ശേഷിപ്പുകള്‍ നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്കുന്നതെന്നും ബാക്കി നടപടികളൊക്കെ അതിനു ശേഷമേ ഉണ്ടാകൂ എന്നുമാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. തുടര്‍ന്ന് മന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
എത്രയും വേഗം തങ്ങളെ കാണാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നാണ് ഗുര്‍പീന്ദറിന്റെ നിലപാട്. തനിക്കൊപ്പം കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങളുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. മൃതദേഹശേഷിപ്പുകള്‍ നാട്ടിലെത്തിക്കുംമുമ്പ് മന്ത്രിയെ നേരില്‍ക്കാണണമെന്നാണ് ഇവരുടെ ആവശ്യം. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും മതിയായ ധനസഹായവും ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ നിരവധി തവണം മന്ത്രിയുമായി നേരില്‍ക്കാണാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാല് വര്‍ഷത്തിനിടെ പല തവണ അന്വേഷിച്ചപ്പോഴും തങ്ങളുടെ ബന്ധുക്കള്‍ സുരക്ഷിതരാണെന്നാണ് മന്ത്രി അറിയിച്ചത്. അവസാന കൂടിക്കാഴ്ചയില്‍ തങ്ങളെ അറിയിച്ചത് ബന്ധുക്കള്‍ ജയിലിലാണ് എന്നായിരുന്നെന്നും ഗുര്‍പീന്ദര്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment