ഫേസ്ബുക്ക് വിവരം ചോര്‍ത്തല്‍: കോംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്.

മാര്‍ച്ച് 31നകം ആറ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കേംബ്രിഡ്ജ് അനലറ്റിക്കയോടെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സ്ഥാപനത്തോട് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിട്ടുള്ളത്.

കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ നില നില്‍ക്കുന്നത്.

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു.

സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.

pathram desk 1:
Leave a Comment