പാഠപുസ്തകത്തില്‍ മുസ്ലീം വിരുദ്ധ തിരുത്തലുകളുമായി എന്‍.സി.ആര്‍.ടി!!! ‘ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപ’ത്തിന് പകരം ‘ഗുജറാത്ത് കലാപം’…!

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്നും 2002 ലെ ‘ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം’ മാറ്റി ‘ഗുജറാത്ത് കലാപം’ എന്നാക്കി എന്‍.സി.ആര്‍.ടി. ‘സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം’ എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് എന്‍.സി.ആര്‍.ടി മാറ്റം വരുത്തിയത്.

ശീര്‍ഷകത്തില്‍ വരുത്തിയ മാറ്റത്തിനു പുറമെ ആദ്യ വരിയിലെ ‘മുസ്ലിം’ എന്ന വാക്കും നീക്കം ചെയ്തിട്ടുമുണ്ട്. ‘2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്ന വരി ‘2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്.

2007ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പുറത്തിറക്കിയ പ്ലസ് ടു പുസ്തകത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ‘ഗുജറാത്ത് കലാപം’ എന്ന ശീര്‍ഷകത്തിനു കീഴില്‍ ഗോദ്രയിലെ തീവണ്ടി കത്തി 57 കര്‍സേവകര്‍ മരിച്ച സംഭവത്തിനു പിന്നില്‍ മുസ്ലിങ്ങളാണെന്ന് സംശയിച്ച് മുസ്ലിങ്ങള്‍ക്കെതിരെ ഒരു മാസത്തോളം നീണ്ടുനിന്ന വ്യാപക ആക്രമണങ്ങള്‍ നടന്നതായി പറയുന്നു.

കണക്കുകള്‍ പ്രകാരം 800 മുസ്ലിങ്ങളാണ് അന്നത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതൊരു ചെറിയ തിരുത്തുമാത്രമാണെന്ന് എന്‍.സി.ആര്‍.ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ പുതിയ പതിപ്പുകളിലും പുതിയ സംഭവവികാസങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അവര്‍ പറഞ്ഞു.

pathram desk 1:
Leave a Comment