അതുക്കുംമേലെ…!!! വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിനെതിരെ സി.പി.ഐ.എമ്മിന്റെ ‘നാടുകാവല്‍’ സമരം ഇന്ന്

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികളെ കടത്തിവെട്ടി പുതിയ സമരമുറയുമായി സി.പി.ഐ.എം. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ‘നാടുകാവല്‍’ സമരവുമായി സി.പി.ഐ.എം രംഗത്ത് വന്നിരിക്കുന്നത്. കീഴാറ്റൂരിലെ പ്രശ്നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടു സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവല്‍ സമരം എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്നു തളിപ്പറമ്പിലേക്കു ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സിപിഐഎം മാര്‍ച്ച് ഇന്നു നാലിനു കീഴാറ്റൂരില്‍ സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വയലില്‍ കൊടി നാട്ടി കാവല്‍പുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാര്‍ച്ച് നത്തും. മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. തുടര്‍ന്നു തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ കണ്‍വന്‍ഷന്‍.

അതേസമയം, വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പില്‍ നിന്നു കീഴാറ്റൂരിലേക്കു നടത്താനിരിക്കുന്ന മാര്‍ച്ചിനു പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ടു വയല്‍ക്കിളി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തിയെങ്കിലും ഇന്നത്തെ സിപിഐഎം മാര്‍ച്ചിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാമെന്നാണു പൊലീസ് നിലപാട്. സിപിഐഎമ്മിന്റെ മാര്‍ച്ചിനു ശേഷം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പൊലീസ് ആലോചിക്കുന്നതായും സൂചനയുണ്ട്.

‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ നടത്തുന്ന മാര്‍ച്ചില്‍ 2000 പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു രണ്ടിനു തളിപ്പറമ്പില്‍ നിന്നു തുടങ്ങും. മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവര്‍ത്തക ദയാബായ്, കര്‍ണാടകയിലെ കര്‍ഷകസമര നേതാവ് അനസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എംപി, കെ.കെ.രമ തുടങ്ങിയവര്‍ പങ്കെടുക്കും.

pathram desk 1:
Related Post
Leave a Comment