എല്ലാം തീരുമാനിക്കേണ്ടത് കേരളഘടകം, മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ കേരള നേതൃത്വമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കള്‍ എല്‍ഡിഎഫില്‍ യോജിച്ച തീരുമാനമെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു.

മാണിയുമായുള്ള സഹകരണനീക്കത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ സിപിഐയുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മാണിവേണ്ടെന്ന ഉറച്ച നിലപാടാണ് സിപിഐ കൈക്കൊണ്ടത്. നിലവില്‍ സഹകരിപ്പിച്ചില്ലെങ്കിലും അധിക്ഷേപിച്ച് അകറ്റിനിര്‍ത്തേണ്ടതില്ലെന്ന അഭിപ്രായം സിപിഎം സിപിഐയെ അറിയിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ദേശീയ സെക്രട്ടറി ഡി രാജയുമായും എകെജി ഭവനിലാണ് ചര്‍ച്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു വിഷയം. പ്രധാനം മാണിയുമായുള്ള സഹകരണം. മാണിയുടെ സഹായം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വാദം സിപിഎമ്മില്‍ ഒരുവിഭാഗത്തിനുണ്ട്. മാണിയെ മുന്നണിയിലെടുത്താല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ മാണിവരേണ്ടെന്ന ഉറച്ചനിലപാടിലാണ് സിപിഐ. മാണിക്കെതിരെ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സിപിഎം സിപിഐ നേതാക്കളോട് യോഗത്തില്‍ പറഞ്ഞു. മാണി വിഷയത്തില്‍ സിപിഎമ്മുമായി ഭിന്നതയുണ്ടെന്ന് സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.

എന്നാല്‍ കെഎം മാണിയെ മുന്നണിയിലെടുക്കരുതെന്ന ഉറച്ച നിലാപാടിലാണ് സി.പി.ഐ സംസ്ഥാന നേതൃത്വം. മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും സഹകരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് കരുതുന്നില്ല. എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കെ.എം. മാണിയുടെ ആവശ്യമില്ലെന്നും കാനം പറഞ്ഞു

pathram desk 2:
Related Post
Leave a Comment