ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി; ഭൂമി വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി എംഎല്‍എ

സ്വന്തം ലേഖകന്‍
കൊച്ചി: വര്‍ക്കലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കും ഭര്‍ത്താവ് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരായ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. തന്നെയും ഭാര്യയെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും യാതൊരു സത്യവുമില്ലെന്നും ഇതുസംബന്ധിച്ച് വര്‍ക്കല എംഎല്‍എ വി.ജോയ് നല്‍കിയ പരാതി ദുരൂഹമാണെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതി വിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ലെന്നും– ശബരി എഴുതുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഇന്നലെ രാവിലെ മുതല്‍ നവമാധ്യമങ്ങളിലും പത്രത്തിലും വര്‍ക്കലയിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.
ഈ വിഷയത്തെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് വര്‍ക്കല എംഎല്‍എ ശ്രീ വി. ജോയ് തന്നെ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല, നമ്മള്‍ ഇതൊന്നും വീട്ടില്‍ ചര്‍ച്ചചെയ്യാറില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാന്‍ ഈ കേസില്‍ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപ്പെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതില്‍ ദുരൂഹതയുണ്ട്.
സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ല.
വിവാഹസമയത്തു നമ്മള്‍ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയില്‍ പരസ്പരം ഇടപെടാറില്ല. പദവികള്‍ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാന്‍ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സല്‍പ്പേര് താറുമാറാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി. പൊതുജനങ്ങള്‍ക്കു നമ്മളില്‍ വിശ്വാസമുണ്ട്, അത് നമ്മള്‍ ഭദ്രമായി കാത്തുസൂക്ഷിക്കും.

pathram:
Related Post
Leave a Comment