ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ട് എത്തി!!! അല്‍പ്പം സൗഹൃദ സംഭാഷണം, ശേഷം ഭക്ഷണം കഴിച്ച് മടക്കം

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനെ കാണാന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരിക്കുകയാണ് നിക്ക് ഉട്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഷൂട്ടിംഗ് ലോക്കേഷനിലെത്തിയാണ് നിക്ക് ഉട്ട് തന്റെ ആഗ്രഹം സാധിച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഒളപ്പമണ്ണയിലേക്കെത്തിയാണ് മോഹന്‍ലാലുമായി നിക്ക് സൗഹൃദം പങ്കിട്ടത്.

ഒടിയന്‍ സിനിമയെക്കുറിച്ചും മറ്റ് ഭാവി സിനിമാ പദ്ധതികളെപ്പറ്റിയും ശ്രീകുമാര്‍ മേനോനും നിക്കും സംസാരിച്ചു. ഭാവി സിനിമാ സ്വപ്നമായ മഹാഭാരതത്തെപ്പറ്റിയും ശ്രീകുമാര്‍ നിക്കിനോട് സംസാരിച്ചു.

മോഹന്‍ലാലുമായി സൗഹൃദം പങ്കിട്ടശേഷം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് നിക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം നിക്കിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയെത്തിയത് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് മോഹന്‍ലാലിനെ കാണാന്‍ നിക്ക് എത്തിയത്.

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരാവസ്ഥ ഒരു ചിത്രത്തിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. ബോംബ് ആക്രമണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിക്ക് പകര്‍ത്തിയ ചിത്രം യുദ്ധക്കെടുതിയുടെ പ്രതീകമായി മാറി.

ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 1:
Related Post
Leave a Comment