കാസര്‍കോട്: കണ്ണൂരില്‍ കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസമാണെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂരില്‍ സി.പി.ഐ.എം കര്‍ഷക സമരം തകര്‍ത്തെങ്കില്‍ അതും ഫാസിസമാണ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണ്. മതേതരത്വത്തിനും മാനവികതക്കും എതിരു നില്‍ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.
കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. വിശപ്പിന് പ്രത്യേകിച്ചൊരു നിറമോ പ്രത്യയശാസ്ത്രമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച സംസാരിച്ച അദ്ദേഹം താന്‍ അവരെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.
അഴിമതിയേക്കാള്‍ അപകടകരമാണ് ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ‘നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ മാത്രമേ ഭരണാധികാരികളെ തിരുത്താന്‍ സാധിക്കൂ. തങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയരാന്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ അനുവദിക്കുന്നില്ല’ അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പിന്നില്‍ ഒളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ താന്‍ ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചരണത്തിനിറങ്ങില്ല. എന്നാല്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തും. ഇനിയുമൊരു ഗൗരി ലങ്കേഷ് സംഭവം ആവര്‍ത്തിക്കരുത്. പ്രകാശ് രാജ് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ സ്വന്തം കഴിവുകൊണ്ടു മാത്രമല്ല, സമൂഹത്തിന്റെ സ്‌നേഹം കൊണ്ടുകൂടിയാണ്. ആ സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലായതുകൊണ്ടാണ് താനിപ്പോള്‍ ശബ്ദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment