ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് അന്തരിച്ച ശ്രീദേവി. എന്നാല്‍ ആമിര്‍ ഖാനൊടൊപ്പം ഒരു സിനിമയില്‍ പോലും ശ്രീദേവി അഭിനയിച്ചിട്ടില്ല. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഖാന്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആമിര്‍ ഖാന്റെ വാക്കുകള്‍ ഇങ്ങനെ: ‘പണ്ട് ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ അന്നൊരു തുടക്കക്കാരന്, അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരി. ഞാന്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അത്രയ്ക്കായിരുന്നു ആരാധനയും സ്നേഹവും’.
ആമിര്‍ ശ്രീദേവിയോടുള്ള ഇഷ്ടം ഒരിക്കലും മറച്ചു വച്ചിരുന്നുമില്ല. ‘കോഫീ വിത്ത് കരണ്‍’ എന്ന ടോക്ക് ഷോയില്‍ ‘നിങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേര്?’ എന്ന ചോദ്യത്തിന് ഒട്ടും ആലോചനയില്ലാതെ തന്നെ ആമിര്‍ മറുപടി പറഞ്ഞു, ‘ശ്രീദേവി’ എന്ന്.
‘ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ ഞാന്‍ തീവ്രമായി ദുഃഖിക്കുന്നു. അവരുടെ വലിയ ഫാന്‍ ആണ് ഞാന്‍. സൗന്ദര്യം, സൗകുമാര്യം, അന്തസ്സ് എന്നിവ നിറഞ്ഞ അവരുടെ പെരുമാറ്റം വലിയ മതിപ്പുളവാക്കിയിരുന്നു. അവരുടെ കുടുംബത്തിനു എന്റെ അനുശോചനങ്ങള്‍. കോടിക്കണക്കിനു വരുന്ന ശ്രീദേവി ആരാധകരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഞങ്ങള്‍ എന്നും സ്നേഹ ബഹുമാനങ്ങളോടെ ഓര്‍ക്കും നിങ്ങളെ, ശ്രീ.’, ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞു ആമിര്‍ ഖാന് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിവ.
ശ്രീദേവിയുടെ മരണ സമയത്ത് ലോസ് ഏന്ജല്സിലായിരുന്ന ആമിര്‍ മുംബൈയില്‍ മടങ്ങിയെത്തിയ ഉടനെ ബോണി കപൂറിന്റെ വസതിയില്‍ എത്തി അനുശോചനങ്ങള്‍ അറിയിച്ചിരുന്നു.
Leave a Comment