ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാകിസ്താന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
കറാച്ചിക്കു സമീപം ആഡംബര ബംഗ്ലാവിലാണു ദാവൂദിനും കുടുംബത്തിനും പാകിസ്താന്‍ അഭയം നല്‍കിയിരിക്കുന്നതെന്നു മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്ന അര്‍ധസൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്സിന്റെ മേല്‍നോട്ടത്തിലാണ് ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങള്‍.
ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ രാജ്യാന്തര സമ്മര്‍ദമുണ്ടായാല്‍ ദാവൂദിനെ ഉടന്‍ കറാച്ചി ദ്വീപിലെ രഹസ്യസങ്കേതത്തിലേക്കു മാറ്റാന്‍ സംവിധാനമുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്. ഇവിടെനിന്നു പ്രത്യേക റൂട്ടില്‍ പാക്ക് തീരസംരക്ഷണ സേനയുടെ മേല്‍നോട്ടത്തില്‍ ആറു മണിക്കൂറിനകം ദുബായിലെത്താം.
പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാന്‍ അനുവാദമുള്ളൂ. ഉപഗ്രഹഫോണില്‍ പ്രത്യേക ഫ്രീക്വന്‍സിയിലാണ് ഇവര്‍ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും വ്യക്തമായി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകള്‍ ദാവൂദിനെ വധിക്കാന്‍ നടത്തിയ ശ്രമം പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് വിഫലമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ, ദാവൂദിന്റെ കൂട്ടാളിയും 1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസ് പ്രതിയുമായ ഫാറൂഖ് ടക്ല (മുഹമ്മദ് ഫാറൂഖ്-57)യെ സിബിഐ ചോദ്യംചെയ്തു വരികയാണ്. ദാവൂദ് ദുബായില്‍ എത്തുമ്പോഴൊക്കെ സുരക്ഷാച്ചുമതല ടക്ലയ്ക്കായിരുന്നു. ഒരിക്കല്‍ ഈ രഹസ്യമാര്‍ഗത്തിലൂടെ ദാവൂദ് സൗദി അറേബ്യയില്‍ എത്തിയതു ടക്ലയുടെ കൂടി സഹായത്തോടെയാണെന്നു വ്യക്തമായിട്ടുണ്ട്.
Leave a Comment