ത്രിരാഷ്ട്ര ട്വന്റി-20,ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മുഷ്ഫികുര്‍ റഹീമിന്റെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ വിജയം. ഇതോടെ ഇന്ത്യ നിദാഹസ് ട്രോഫി ഫൈനലില്‍ കടന്നു. 175 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍ എടുക്കാനെ ആയുള്ളു.

തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുഷ്ഫികുര്‍ റഹീം 55 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബംഗ്ലാദേശിനെ 17 റണ്‍സിനു പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയമാണ് ഇന്ത്യ നേടിയത്.നേരത്തെ രോഹിത് ശര്‍മയുടെയും രഹാനെയുടെയും ധവാന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തത്. 89 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാവുമ്പോള്‍ ഇന്ത്യ 20 ഓവറില്‍ 176 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ മൂന്ന് വിക്കറ്റുകള്‍ ഉലയ്ക്കുകയായിരുന്നു. 40/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനു പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമായില്ല. മുഷ്ഫികുര്‍ റഹിം 72* റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍, സബ്ബീര്‍ റഹ്മാന്‍ എന്നിവര്‍ 27 റണ്‍സ് നേടി പുറത്തായി. നിശ്ചിത 20 ഓവറില്‍ ബംഗ്ലാദേശിനു 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 159 റണ്‍സേ നേടാനായുള്ളു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി പിണഞ്ഞ ശേഷം കരുത്താര്‍ന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്.

pathram desk 2:
Related Post
Leave a Comment