സിനിമ രംഗത്ത് നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ ജെര്‍മിയ. അന്താരാഷ്ട്ര വനിതാദിനത്തില്‍ ചെന്നൈയിലെ ജെപ്പിയര്‍ കോളെജില്‍ വെച്ചാണ് സിനിമ മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സ്‌ക്രീനില്‍ വന്ന് അര ഇളക്കാന്‍ പറയുന്നതിന് പകരം തനിക്ക് വേണ്ടി കഥാപാത്രം സൃഷ്ടിക്കാന്‍ താരം പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ ആരാണെന്ന് ചോദിച്ചാണ് ആന്‍ഡ്രിയ തന്റെ സംസാരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ പറഞ്ഞ പുരുഷ സൂപ്പര്‍സ്റ്റാറുകളുടെ പേരുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ്ട് താരം പുരുഷാധിപത്യത്തെ വിമര്‍ശിച്ചത്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി കഥാപാത്രങ്ങള്‍ എഴുതുകയാണ് ചെയ്യുന്നതെന്നും അവരുടെ കഥാപാത്രത്തിന് ചുറ്റും കറങ്ങുന്ന കഥയായിരിക്കും ഒരുക്കുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു. റാം സംവിധാനം ചെയ്ത താരാമണി എന്ന ചിത്രത്തിന് ശേഷം ഒരു സിനിമയും താന്‍ ഏറ്റെടുത്തിട്ടില്ല. മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അപ്രധാന വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നും താരം വ്യക്തമാക്കി.
നടികളുടെ വിജയം അവരുടെ സ്വന്തം കഴിവിനെ അനുസരിച്ച് ആയിരിക്കില്ലെന്നും അവര്‍ ഏത് സൂപ്പര്‍സ്റ്റാറിനൊപ്പമാണ് അഭിനയിച്ചത് എന്ന് നോക്കിയായിരിക്കുമെന്നും ആന്‍ഡ്രിയ പറഞ്ഞു. ഇന്ത്യന്‍ സിനിമ മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ദീപിക പദുക്കോണിന് ദീപിക പദുക്കോണ്‍ ആകാന്‍ ഷാരുഖ് ഖാന്റെ കൂടെ തന്നെ അഭിനയിക്കണമെന്നും താരം വ്യക്തമാക്കി. ഞാന്‍ കാണാന്‍ ഹോട്ടും സെക്സിയുമാണ് അങ്ങനെ അഭിനയിക്കാനും എനിക്ക് അറിയാം. അതുകൊണ്ട് എനിക്ക് വേണ്ടി കഥാപാത്രത്തെ സൃഷ്ടിക്കൂ, അല്ലാതെ സ്‌ക്രീനില്‍ വന്ന് അര ഇളക്കാനും നിഴലടിക്കുന്ന വസ്ത്രം ധരിച്ച് സന്തോഷിക്കാനും പറയരുത്. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതല്ല തനിക്ക് സന്തോഷമെന്നും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് തനിക്ക് സന്തോഷമുണ്ടാകൂവെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
Leave a Comment