മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ ഗൂഢാലോചന,വഞ്ചന കുറ്റങ്ങള്‍….. റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കും മറ്റു പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍. ഭൂമിതിരിമറി സംബന്ധിച്ച ഐപിസി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ പകര്‍പ്പ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഗൂഢാലോചനയ്ക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സഭാംഗമെന്ന നിലയില്‍ ചേര്‍ത്തല സ്വദേശി ഷേന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് റിപ്പോര്‍ട്ട്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

pathram desk 2:
Leave a Comment