വീണ്ടും വിമാന ദുരന്തം; തീപിടിച്ച യാത്രാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണ് സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
വിമാനത്തില്‍ 71 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ബാക്കിയുള്ളവര്‍ മരിച്ചതായാണ് സംശയം.
അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍നിന്നെത്തിയതാണ് വിമാനം എന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്–ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തില്‍നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment