ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത് എത്തിയിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്, യോര്‍ക്‌ഷെയര്‍ എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് ലഘുലേഖ ലഭിച്ചെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനിലെ മുസ്ലീമുകളെ വധിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും കത്തില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. മുസ്ലീമിനെ അവഹേളിക്കുന്നവര്‍ക്ക് 10 പോയിന്റും , ആഡിസ് ആക്രമണം നടത്തുന്നവര്‍ക്ക് 50 പോയിന്റും, പള്ളികളില്‍ ബോംബാക്രമണം നടത്തുന്നവര്‍ക്ക് ആയിരം പോയിന്റ് നല്‍കുമെന്നും ലഘുലേഖകളില്‍ പറയുന്നത്.
ബ്രിട്ടീഷുകാരെ ദുരിതത്തിലാഴ്ത്തുന്ന മുസ്ലീങ്ങള്‍ അക്രമകാരികളാണെന്നാണ് ലഘുലേഖകളുടെ ഉള്ളടക്കം. കടുത്ത മുസ്ലീം വിദ്വേഷത്തില്‍ എഴുതപ്പെട്ട കത്തിന്റെ ഉറവിടം തേടുകയാണ് ഇപ്പോള്‍ ബ്രിട്ടീഷ് പൊലീസ്.
സംഭവത്തില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷ ഉറപ്പാക്കുമെന്നും വെസ്റ്റ് യോര്‍ക്‌ഷെയര്‍ പൊലീസ് പറഞ്ഞു. വിവാദമായ കത്തുകള്‍ ലഭിച്ചവരോട് എത്രയും പെട്ടെന്ന് പൊലീസിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പൊലീസിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് മുസ്ലീം കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിഖ്ദാദ് വെര്‍സി അറിയിച്ചു.
Leave a Comment