കൊച്ചി: അതിരുപത ഭൂമി കുംഭകോണത്തില്‍ കര്‍ദ്ദിനാളിനെതിരെ പോലീസ് ഇന്ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ (ഡി.ജി.പി)പോലീസിന് കൈമാറി.
കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി നീങ്ങുന്ന പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനുമായ സാജു വര്‍ഗീസിനുമെതിരേ കേസെടുക്കുക.
കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതെ നിയമോപദേശം തേടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പൊലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം.
എ.ജി നല്‍കിയ നിയമോപദേശവും കോടതി വിധിയും പരിശോധിച്ച ശേഷമാണ് ഡി.ജി.പി കേസെടുക്കാമെന്ന് ഉപദേശം നല്‍കിയത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുക്കുന്നതോടെ ഭൂമി വിവാദം പുതിയ തലത്തിലേക്ക് കടക്കും.
Leave a Comment