കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം
. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ്. ഘടകകക്ഷികളുടെ അഭിപ്രായം തേടി. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് അഭിപ്രായം അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ പെന്‍ഷന്‍പ്രായം കൂട്ടുന്നതിനോടു യോജിപ്പില്ലെന്നു സി.പി.ഐ. ഉടന്‍ വ്യക്തമാക്കി. പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് തല്‍ക്കാലം നീട്ടിക്കിട്ടുമെങ്കിലും ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്തം ഒഴിയുന്നില്ലെന്നത് അവര്‍ ചൂണ്ടിക്കാട്ടി. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു പരിഗണിക്കുന്നത്. വന്‍തുകയാണു പെന്‍ഷനു വേണ്ടിവരുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു വഴി ഇത് പരിഹരിച്ച് മുന്നോട്ടു പോകാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ യുവജന സംഘടനകളുടെ നിലപാട് നിര്‍ണായകമാകും.
പാര്‍ട്ടികള്‍ കൊടികുത്തി സമരവും നോക്കുകൂലി സംവിധാനവും ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നു യോഗം വിലയിരുത്തി. കൊടികുത്തുന്നത് വ്യവസായികളെ ആത്മഹത്യയിലേക്കു നയിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്നും അഭിപ്രായമുയര്‍ന്നു.

pathram:
Related Post
Leave a Comment