അവസാന ഘട്ടം വരെ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം, ഫഹദിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനാവാനുള്ള കാരണം ഇതാണ്

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ പ്രഖ്യാപിച്ചത് ശക്തമായ മത്സരത്തിനൊടുവില്‍. ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രന്‍സ് മികച്ച നടനായത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ മികച്ച അഭിനയ പ്രകടനത്തിനാണ് ഫഹദിനെ പരിഗണിച്ചിരുന്നത്. നേരത്തെ ആര്‍ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

എന്നാല്‍ അവസാന നിമിഷം ഇന്ദ്രന്‍സ് പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. വര്‍ഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഇന്ദ്രന്‍സിന് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.

പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. സിനിമാസാംസ്‌കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായന്‍. ചിത്രം ഈ.മ.യൗ. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അലന്‍സിയര്‍ സ്വന്തമാക്കി. സ്വഭാവനടിക്കുള്ള പുരസ്‌കാരം പോളി വല്‍സല്‍ സ്വന്തമാക്കി, ചിത്രം ഈ.മ.യൗ. ഒറ്റമുറി വെളിച്ചം ആണ് ഏറ്റവും മികച്ച സിനിമ. കഥാകൃത്തിനുള്ള പുരസ്‌കാരം സംവിധായകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

pathram desk 2:
Related Post
Leave a Comment