ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടും; തീയതി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാര്‍ കേസില്‍ വിധി വരാന്‍ വൈകിയ സാഹചര്യത്തിലാണിത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച്, ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിവെക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു. ആധാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത കേസില്‍ വിചാരണ നീണ്ടു പോയ സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് മാര്‍ച്ച് 31 വരെയുളള കാലാവധി നീട്ടണമെന്ന് വാദിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സുപ്രീംകോടതിയാണ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയത്.

മാര്‍ച്ച് 20ന് കോടതി വിധി ആധാറിന് അനുകൂലമായാല്‍പ്പോലും തുടര്‍ നടപടികള്‍ക്കായി ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പത്ത് ദിവസം മാത്രമാണ് ലഭിക്കുക എന്നത് അസൗകര്യമാണ്- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. തുടര്‍ന്ന് ഈ വിഷയത്തില്‍ ബെഞ്ച് അറ്റോര്‍ണി ജനറലിന്റെ സഹായം തേടുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment