തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്.
സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയിരുന്നത്. മുന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്നും അന്വേഷണസംഘം തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയില്ലെന്നും അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു സരിതയുടെ പരാതി.
മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച പരാതി ഡി.ജി.പി അന്വേഷണ ചുമതലയുള്ള ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് കൈമാറിയിരുന്നു. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെയും അതിലെ കണ്ടെത്തലുകളെയും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന ആവശ്യമാണ് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ഇത് ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഹരജിയില്‍ തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയത്.
ഹര്‍ജികളില്‍ സ്റ്റേ നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകുവാന്‍ സാധിക്കും. വിവാദമായ സോളാര്‍ കേസിലെ ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി പിണറായി മന്ത്രിസഭയാണ് ഉത്തരവിറക്കിയത്. ക്രിമിനലും വിജിലന്‍സും ആയ കേസുകള്‍ പ്രത്യേക സംഘത്തെ വെച്ച് പരിശോധിക്കാനാണ് നിര്‍ദേശം.
സോളാര്‍ അന്വേഷണ കമീഷന്റെ ശിപാര്‍ശകള്‍ അന്വേഷണ സംഘം പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കുക, ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകുക തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദമായ സരിതയുടെ കത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്ന് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.
Leave a Comment