ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം രണ്ടംഗ അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.

ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദിയിലും പരിഹസിച്ചതിനാല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കണമെന്നു നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡിജിപിക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി പോള്‍ ആന്റണി നടത്താനായിരുന്നു ആദ്യ തീരുമാനം. ഒപ്പം പ്രിസൈഡിങ് ഓഫീസറുടെ ചുമതലയില്‍ നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിനെയും തിരുമാനിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.

താരതമ്യേന ജൂനിയറായ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ അന്വേഷണത്തിന് നിയോഗിച്ച് കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടി ബിശ്വനാഥ് സിന്‍ഹയെ പ്രിസൈഡിങ് ഓഫീസറുടെ ചുമതലയിലും നിയോഗിച്ചിട്ടുണ്ട്. ആദ്യ തീരുമാനം മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. ഒരു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

pathram desk 1:
Related Post
Leave a Comment