നീരവ് മോദി ഹോങ്കോങ്ങില്‍ ?

മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12,700 കോടി രൂപ തട്ടിയ കേസാണ് നീരവിനെതിരേ ഉള്ളത്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണ ഏജന്‍സി ഇക്കാര്യം പിന്നീട് അപേക്ഷയില്‍ നിന്ന് പിന്‍വലിച്ചുവെങ്കിലും നീരവ് മോദി ഹോങ്കോങ്ങിലാണുള്ളതെന്ന് മുതിര്‍ന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെബ്രുവരി 15നാണ് നീരവിനെതിരെ ആദ്യം സമന്‍സ് അയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 16ന് ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 17, 22, 26 തീയതികളിലും സമന്‍സുകള്‍ അയച്ചു. ഇ മെയില്‍ വഴിയായിരുന്നു ഇത്. എന്നാല്‍ പ്രതിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നുവെന്നും ശക്തമായ നടപടി ആവശ്യമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഒരു സമന്‍സിനു മാത്രമേ നീരവ് മറുപടി നല്‍കിയുള്ളൂ. വിദേശത്ത് ബിസിനസില്‍ വ്യാപൃതനായിരിക്കുന്നതിനാല്‍ ഇ മെയില്‍ വഴി മാത്രമേ മറുപടി നല്‍കുകയുള്ളൂവെന്നായിരുന്നു നിലപാട്. പല അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തന്റെ വിശ്വാസ്യതയെ അവര്‍ ഇടിച്ച് താഴ്ത്തിയെന്നും നീരവ് ആരോപിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിച്ചാല്‍ മാത്രമേ തനിക്ക് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിയുകയുള്ളൂ.

pathram:
Related Post
Leave a Comment