സി.പി.ഐയെ കാനം തന്നെ നയിക്കും; സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ് ഇസ്മായില്‍ വിഭാഗം നടത്തിയത്. എന്നാല്‍, മല്‍സരിക്കാനില്ലെന്ന് ദിവാകരന്‍ വ്യക്തമാക്കിയതോടെ ഈ നീക്കം പൊളിയുകയായിരുന്നു.

ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും 9 കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.

കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി ത്വരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍, തങ്ങളുടെ വിഭാഗത്തിനെതിരെയുള്ള ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജന്‍ഡയുണ്ടെന്ന അമര്‍ഷത്തിലാണു മുതിര്‍ന്ന നേതാവായ ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം.

അതേസമയം സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണിയാണ് നടന്നത്. മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേര്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment