കരുത്തനായി വീണ്ടും കാനം…!

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണ് കാനത്തെ തെരഞ്ഞെടുത്തത്. എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ. ഇസ്മായില്‍ വിഭാഗം അവസാന വട്ടംവരെ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മല്‍സരത്തിനായി സി. ദിവാകരനെ സമീപിച്ചെങ്കിലും അദ്ദേഹം പിന്മാറി. മറ്റു ചിലരെയും സമീപിച്ചെങ്കിലും ഈ നീക്കങ്ങള്‍ ഫലവത്തായില്ല.
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍, തങ്ങളുടെ വിഭാഗത്തിനെതിരെയുള്ള ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജന്‍ഡയുണ്ടെന്ന അമര്‍ഷത്തിലാണു മുതിര്‍ന്ന നേതാവായ ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം.
അതേസമയം, ചെയര്‍മാന്‍ വെളിയം ചന്ദ്രനെയും കണ്‍വീനര്‍ എകെ ചന്ദ്രനെയും മാറ്റി കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. പുതിയ കമ്മീഷനെ പിന്നീട് തീരുമാനിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം കെഇ ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനസമ്മേളനത്തില്‍ ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയും ചെയ്തിരുന്നു. ഇത് വിവാദമായി. ഇതിനെതിരെ ഇസ്മയില്‍ ദേശീനേതൃത്വത്തിന് പരാതിയും നല്‍കി. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ പുനസംഘടിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനകൗണ്‍സിലിലും വെട്ടിനിരത്തലും അഴിച്ചുപണിയും നടന്നു. കാനത്തിന്റെ വിശ്വസ്തനായ ഇടുക്കിയില്‍ നിന്നുള്ള വാഴുര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഗോഡ്ഫാദര്‍ വിവാദത്തില്‍പ്പെട്ട് തരംതാഴ്ത്തപ്പെട്ട ഇഎസ് ബിജിമോള്‍ തിരിച്ചെത്തി. മറുവശത്ത് ഇസ്മയിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുന്‍ രാജ്യസഭാംഗം കൂടിയായ എംപി അച്യുതനെയും സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന ക്വാട്ടയില്‍ ഇടം കിട്ടാതിരുന്ന അച്യുതനെ ജില്ലാ ഘടകവും തഴയുകയായിരുന്നു. അച്യുതന് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള ജെ വേണുഗോപാലന്‍ നായരേയും സുജന പ്രിയനേയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.
മത്സരം നടന്ന എറണാകുളത്ത് കാനം പക്ഷക്കാരായ രണ്ട് പേരും പരാജപ്പെട്ടു. മത്സരത്തിന് കളമൊരുങ്ങിയ പാലക്കാട്ട് ഒടുവില്‍ സമവായമായി. കണ്ണൂരില്‍ നിന്നുള്ള എ പ്രദീപനെ ഒഴിവാക്കി പകരം സിപി ഷൈജന്‍ ജില്ലയില്‍ നിന്ന് സംസ്ഥാനകൗണ്‍സില്‍ എത്തി. എഐവൈഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനേയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.

pathram:
Related Post
Leave a Comment