അത് മധുവല്ല…….

മധുവിന്റെതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രത്തിനെതിരെ ഫൈസി എന്ന യുവാവ് രംഗത്ത്. മധുവാണെന്ന് പറഞ്ഞ് എല്ലാവരും ഷെയര്‍ ചെയ്ത ആ ചിത്രത്തിലുള്ളത് മധുവല്ലെന്നും അത് താനാണെന്നും ഫൈസി പറഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഫൈസി തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ സൈബര്‍ പോലീസിനെ സമീപിക്കാനൊരുങ്ങകയാണ്.

ഫൈസിയുടെ വാക്കുകള്‍

കൊച്ചി കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ഞാന്‍ പഠിച്ചിരുന്നു. 2004ലായിരുന്നു അത്. കോഴ്‌സിന്റെ അവസാന ദിവസം ക്ലാസ് മുറിയില്‍ ഞങ്ങള്‍ കേക്ക് മുറിച്ചു. സഹപാഠികളിലാരോ അന്ന് അതിന്റെ ചിത്രം എടുത്തു. ഒപ്പം പഠിച്ച അഭിലാഷ് ഏതാനും മാസം മുന്‍പ് ഈ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കി. ഞാനും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പക്ഷെ ഈ നിലയില്‍ ഇപ്പോള്‍ ഇത് ഉപയോഗിക്കുമെന്ന് കരുതിയില്ല.

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ എന്റെ ജൂനിയറായി പഠിച്ച കുട്ടി ഇത് ശ്രദ്ധയില്‍ പെടുത്തി. തമാശയെന്നാണ് ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ സംഭവം പലരും ഷെയര്‍ ചെയ്യുന്നെന്ന് വൈകാതെ ഞാന്‍ അറിഞ്ഞു. ആ കുട്ടി പോസ്റ്റിട്ട ആളോട് ഇത് മധുവല്ല എന്ന് അറിയിച്ചപ്പോള്‍ തനിക്കു വിശ്വാസ യോഗ്യമായവരില്‍ നിന്ന് കിട്ടിയ ഫോട്ടോ എന്നായിരുന്നു മറുപടി. എന്നാല്‍ ഇപ്പോള്‍ അവര്‍ അതൊക്കെ നീക്കം ചെയ്തു. പക്ഷെ അപ്പോഴേക്കും പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

നേരിട്ട് സൈബര്‍ പൊലീസിന് പരാതി കൊടുക്കാനാണ് പലരും ഉപദേശിച്ചത്. അക്കാര്യം പരിഗണിക്കുന്നുണ്ട്. കേസിനൊന്നും പോകേണ്ടന്നു പറയുന്ന സുഹൃത്തുക്കളുമുണ്ട്. മനുഷ്യ മന:സാക്ഷിയെ നടുക്കിയ ദാരുണ സംഭവത്തെ ഈ നിലയില്‍ കഥ മെനഞ്ഞു കൂട്ടിക്കെട്ടിയതാണ് എന്നെ ഇപ്പോള്‍ ഏറെ ചിന്തിപ്പിക്കുന്നത്- ഫൈസി പറഞ്ഞു.

pathram desk 2:
Leave a Comment