ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി(83) സമാധിയായി. ഇന്ന് രാവിലെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം. ചെന്നൈയിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം അടുത്തിടെ ആശുപത്രി വിട്ടിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ചീപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാം പ്രതിയായിരുന്ന ഇദ്ദേഹത്തെ 2013 ല്‍ പുതുച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലായിരുന്നു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയത്. 2004 സെപ്റ്റംബര്‍ മൂന്നിനാണു കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമന്‍ ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നിന്നു ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്യുകായയിരുന്നു.
ജയേന്ദ്ര സരസ്വതി മഠാധിപതിയായശേഷം മഠത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച ശങ്കരരാമനെ കൊല്ലാന്‍ ജയേന്ദ്ര സരസ്വതി വാടകക്കൊലയാളികളെ നിയോഗിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
1935 ജനുവരി 18നാണ് ജനിച്ചത്. 1954ല്‍ കാഞ്ചി മഠാധിപതിയായി.
Leave a Comment