ശ്രീദേവിയുടെ നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായി പറഞ്ഞു.

ഇന്നലെ രാത്രി 1.30 ഓടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ച് ശ്രീദേവി അന്തരിച്ചത്. ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നുറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള ചിത്രങ്ങളിലൂടെ കേരളീയര്‍ക്ക് പ്രിയങ്കരിയായി മാറി താരമാണ് ശ്രീദേവി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണ്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്.’

pathram desk 1:
Related Post
Leave a Comment