ന്യൂഡല്‍ഹി: മാര്‍ച്ച് ആറിന് നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമെന്ന് വാര്‍ത്തകള്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാലാണ് നായക സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കുന്നതെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കൊഹ്ലി വിശ്രമം അവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ബിസിസിഐ അംഗീകരിച്ചുവെന്നുമാണ് സൂചന. ഈ സാഹചര്യമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലേക്ക് വഴിതെളിയുന്നത്. ഇത് രണ്ടാം തവണയാണ് ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയില്‍ രോഹിത്താണ് ടീമിനെ നയിച്ചത്. അന്നും കൊഹ്ലി വിശ്രമത്തിലായിരുന്നു.
കൊഹ്ലിയെ കൂടാതെ നാല് ഇന്ത്യന്‍ താരങ്ങള്‍ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ക്കായിരിക്കും വിശ്രമം അനുവദിക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീലങ്കയിലാണ് നിദാഹാസ് ട്രോഫി ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റില്‍ മൂന്നു ടീമുകളും തമ്മില്‍ പരസ്പരം രണ്ടു വീതം മത്സരങ്ങളില്‍ ഏറ്റുമുട്ടും. പോയന്റ് നിലയില്‍ മുന്നില്‍ വരുന്ന രണ്ട് ടീമുകളും തമ്മില്‍ 18ന് ഫൈനലും നടക്കും.
Leave a Comment