ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. നാട്ടുകാര്‍ മര്‍ദിച്ച് പൊലീസിന് കൈമാറിയ ആദിവാസി യുവാവ് മധു(27) മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കടുക്മണ്ണ ഊരുവാസിയാണ് മധു. അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തിനു ശേഷം കാണാതായ യുവാവിനെ വനത്തോട് ചേര്‍ന്ന പ്രദേശത്തുനിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. ക്രൂരമായി മര്‍ദിച്ച ശേഷമാണ് യുവാവിനെ നാട്ടുകാര്‍ പൊലീസിന് കൈമാറിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.

pathram:
Related Post
Leave a Comment