കൊലപാതകം സിപിഎമ്മിന്റെ അറിവോടെ..? പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐ നേതാക്കള്‍; 37 വെട്ട് കാലുവെട്ടാന്‍ വേണ്ടി മാത്രം; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇന്നലെ കീഴടങ്ങിയ ആകാശ്, റിജിന്‍ എന്നിവരെ ഇന്ന് കോടതില്‍ ഹാജരാക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആകാശും റിജിനും കൊലപാതക സംഘത്തിലുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്. വാഗണര്‍ കാറിലാണ് കൊലയാളി സംഘം എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐയുടെ രണ്ട് പ്രാദേശികനേതാക്കളും ഡ്രൈവറുമാണെന്ന് പൊലീസ് സൂചന നല്‍കുന്നു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് കാരണമായി പറയുന്നത്.
ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആകെ അഞ്ചുപേരെന്നാണ് പൊലീസ് കണക്കാക്കുന്നത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ നിന്ന് പൊലീസിന് നിര്‍ണായക മൊഴികള്‍ ലഭിച്ചു. അതേസമയം യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ. സുധാരകരന്‍ നിരാഹാര സമരം ആരംഭിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല ഉപവാസസമരവും ഉടന്‍ തുടങ്ങും. സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വി.എസ്. ആലുവയില്‍ പറഞ്ഞു.
ഷുഹൈബ് വധം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് അസഹിഷ്ണുതയുടെ ഭാഗമായുള്ള തുടര്‍നടപടികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് കൊലപാതകം പരോക്ഷമായി സൂചിപ്പിച്ച് ഒരു പരിപാടിയിലും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അസഹഷ്ണുതയുടെ പേരിലുള്ള അക്രമങ്ങളെ കെ.മുരളീധരന്‍ എം.എല്‍.എ വിമര്‍ശിച്ചിരുന്നു.
ഷുഹൈബ് വധത്തില്‍ മൗനം വെടിയുമോ എന്ന് രണ്ടുവട്ടം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും, മുഖ്യമന്ത്രിക്ക് കുലുക്കമുണ്ടായില്ല. തിരുവനന്തപുരത്ത് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യൂത്ത് കോണ്‍കോഡ് ആയിരുന്നു വേദി. സോക്രട്ടീസ് മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവര്‍ക്കെതിരായ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗിച്ചു മുഖ്യമന്ത്രി. അധ്യക്ഷപ്രസംഗം നടത്തിയ കെ.മുരളീധരന്‍ അസഹിഷ്ണുത കൊലപാതകത്തിലെത്തുന്നതിനെ ശക്തമായ ഭാഷയില്‍ അപലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്.

pathram:
Leave a Comment