ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉന്നതതല സംരക്ഷണമില്ലാതെ ഇത്രയും വലിയ കുംഭകോണം നടക്കില്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെയും നിലപാടുകളെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന വിഷയത്തില്‍ കുട്ടികളോട് സംവദിക്കാന്‍ സമയം കണ്ടെത്തിയ മോദി സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ കുറിച്ച് മിണ്ടുന്നില്ല. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ നിരവധി മന്ത്രിമാര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മോദിയും ധനമന്ത്രിയും മൗനം അവലംബിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജനങ്ങളോട് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ നാളിതുവരെ മോദി നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് സുരക്ഷിതമായ മാര്‍ഗമെന്ന് മോദി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ പോക്കറ്റ് കൊളളയടിക്കാന്‍ നീരവ് മോദിക്ക് അവസരം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തെ തകര്‍ത്തതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Leave a Comment