കണ്ണൂരില്‍ കോണ്‍ഗ്രസിനു രക്ഷയില്ല, മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്, ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു.

ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മൂന്നാഴ്ചമുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

pathram desk 1:
Related Post
Leave a Comment