പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണ്. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതിഷേധം.
സംസ്ഥാന സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പരീക്കര്‍ പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തെ കുറിച്ച് പറഞ്ഞത്. ഐ.ഐ.ടി മുംബൈയിലെ തന്റെ വിദ്യാര്‍ഥി ജീവിതത്തെ അനുസ്മരിച്ച പരീക്കര്‍, മയക്കുമരുന്ന് പുതിയ പ്രതിഭാസമല്ല എന്നും പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കാമ്പസില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്ന ചെറിയ സംഘമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ തന്റെ സ്‌കൂള്‍ കാലത്ത് ചില കുട്ടികള്‍ അശ്ളീല ചിത്രങ്ങള്‍ കണ്ട് പൊട്ടിച്ചിരിച്ചിരുന്നത് കണ്ടതും പരീക്കര്‍ വിശദീകരിച്ചു.
തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ ബിയര്‍ കുടിയെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായത്. താന്‍ എല്ലാവരെയും കുറിച്ചല്ല പറയുന്നത് എന്ന ജാമ്യമെടുക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ പിടിയില്‍ പെടാതെ കുട്ടികളെ രക്ഷിക്കണമെന്ന് രക്ഷിതാക്കളോടും പരീക്കര്‍ ആവശ്യപ്പെട്ടു.
”എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതെ പോകുന്നെങ്കില്‍, ഈ പ്രശ്നം ഒരു മാസം വരെ തുടരുകയാണെങ്കില്‍ അത് മയക്കുമരുന്നിന്റെ ലോകത്തേക്ക് കുട്ടികള്‍ പോകുന്നു എന്നതിന്റെ ലക്ഷണമാകാം. അവരുടെമേല്‍ എപ്പോഴും ശ്രദ്ധ വേണം. മയക്കുമരുന്നിന് തടയിടാന്‍ അതാണ് എറ്റവും മികച്ച വഴി.”പരീക്കര്‍ വിശദീകരിച്ചു.
Leave a Comment