ആധാര്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു!!! ഡോക്ടറും നഴ്‌സും സസ്‌പെന്‍ഷനില്‍

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കുള്ള പ്രവേശനം നിഷേധിച്ചു. യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.

മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നും അതിനായി ആധാര്‍കാര്‍ഡ് വേണമെന്നും ഡോക്ടര്‍ പറയുകയുണ്ടായി.

തങ്ങള്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നില്ലെന്നും കാര്‍ഡ് നമ്പര്‍ നല്‍കാമെന്നും പറഞ്ഞെങ്കിലും ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്സും അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മുന്നിയുടെ ഭര്‍ത്താവ് ബബ്ലു പറഞ്ഞു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെവെച്ച് പ്രസവിക്കുകയായിരുന്നു.

സിവില്‍ ആശുപത്രിയിലെ തന്നെ മാതൃശിശു പരിചരണ വിഭാഗത്തിലാണ് അമ്മയുംകുഞ്ഞും ഇപ്പോള്‍. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തുകയുണ്ടായി. അതേസമയം ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

pathram desk 1:
Related Post
Leave a Comment