കൊച്ചി: കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കും. ഇതിനായി സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
പെന്‍ഷന്‍ കുടിശിക കൊടുക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശികയും ഈ മാസത്തെ ശമ്പളവും ഉടനേ നല്‍കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ സഹകരണബാങ്കില്‍ നിന്ന് സര്‍ക്കാര്‍ വായ്പ എടുക്കും. കുടിശികയായ 224 കോടി രൂപ അദ്യഗഡുവായി ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറും. ഈ മാസം തന്നെ പെന്‍ഷന്‍കാര്‍ക്ക് മുഴുവന്‍ കുടിശികയും നല്‍കും. പുറമേ ജനുവരിയിലെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ കൂടി ധനസഹായം നല്‍കും. ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെങ്കില്‍ 86 കോടി രൂപ വേണ്ടിവരും.സഹകരണബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗാരന്റി നല്‍കുമെന്നാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഗാരന്റിയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി കടമെടുക്കേണ്ടി വരുമായിരുന്നു. ഇതിനുപകരം സര്‍ക്കാര്‍ തന്നെ നേരിട്ട് വായ്പ എടുക്കാന്‍ തീരുമാനിച്ചു. വായ്പ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനും സഹകരണബാങ്കുകള്‍ക്കും കൈമാറും. പത്തുശതമാനം പലിശയ്ക്കാണ് കടമെടുക്കുന്നത്.
Leave a Comment