ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസ്, മൂന്നു വര്‍ഷത്തിനിടെ ചെയ്തത് മൂന്നു കേസുകള്‍: ഒന്നിന് പുറകെ ഒന്നായി കുടുങ്ങി സിപിഎം നേതാക്കളുടെ മക്കള്‍

കൊച്ചി: ബിനോയിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി കാണിച്ചു സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണു ബിനീഷിനെ രണ്ടു മാസത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളത്. 2015ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഡിസംബറിലാണു കോടതി ശിക്ഷ വിധിച്ചത്.

ബാങ്കില്‍നിന്ന് അറുപതിനായിരം ദിര്‍ഹം വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതാണു ബിനീഷിനെതിരെയുള്ള മറ്റൊരു കേസ്. ഈ കേസില്‍ മൂവായിരം ദിര്‍ഹം ബിനീഷ് പിഴ അടയ്ക്കുകയും ചെയ്തു. ദുബായിലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കു പണം നല്‍കാതിരുന്നതാണു മൂന്നാമത്തെ കേസ്. മുപ്പതിനായിരം ദിര്‍ഹം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നു കമ്പനി ഖിസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ദുബായിലെ ബാങ്കില്‍നിന്ന് അഞ്ചേകാല്‍ ലക്ഷം ദിര്‍ഹം ലോണെടുത്തു തിരിച്ചടച്ചില്ലെന്ന പരാതിയില്‍ ഇ.പി.ജയരാജന്റെ മകന്‍ ജതിന്‍ രാജിനെതിരെയും കേസുണ്ട്. ഈ കേസില്‍ മൂന്നു മാസത്തെ തടവിനു ജതിന്‍ രാജിനെ ദുബായ് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാനാണ് ഈ ലോണ്‍ എടുത്തതെന്നാണു ജതിന്‍ രാജുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

pathram desk 2:
Related Post
Leave a Comment