‘ദരിദ്ര മുഖ്യമന്ത്രി’ കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410!! തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ..

അഗര്‍ത്തല: നിയമസഭാ,പൊതു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ ആദ്യം പുറത്തുവരുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്നാണ് മത്സരാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളുടെ പട്ടിക. ഇത്തവണയും രാജ്യത്തെ ‘ദരിദ്ര മുഖ്യമന്ത്രി’ താന്‍ തന്നെയെന്നാണ് ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം മണിക് സര്‍ക്കാരിന്റെ കയ്യില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയുമാണുള്ളത്

1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ കിട്ടുന്ന ശമ്പളമെല്ലാം പാര്‍ട്ടിക്കു സംഭാവന ചെയ്യുകയാണ്. പാര്‍ട്ടി നല്‍കുന്ന 5,000 രൂപ അലവന്‍സാണ് മുഖ്യമന്ത്രി ചെലവിനായെടുക്കുന്നത്. വേറെ ബാങ്ക് നിക്ഷേപങ്ങളൊന്നും ഇദ്ദേഹത്തിനില്ല. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണു താമസമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം,മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ കൈവശം 20,140 രൂപ പണമായും രണ്ടു ബാങ്കുകളിലായി 2,10,574 രൂപ നിക്ഷേപവുമുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ് പാഞ്ചാലി ഭട്ടാചാര്യ. ഇവര്‍ക്കു സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവുമുണ്ട്.

2011-12 വര്‍ഷത്തിലാണു പാഞ്ചാലി ഭട്ടാചാര്യ അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. അതേസമയം മണിക് സര്‍ക്കാര്‍ ഇതുവരെ ആദായ നികുതി റിട്ടേണ്‍ ചെയ്തിട്ടില്ല.

pathram desk 1:
Related Post
Leave a Comment