ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ‘വികലാംഗന്‍’ ഇല്ല… പകരം ‘ദിവ്യാംഗ്’ മാറ്റം ഫെബ്രുവരി ഒന്നുമുതല്‍

ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. ‘വികലാംഗന്‍’ എന്ന വാക്കിന് പകരം ‘ദിവ്യാംഗ്’ എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക.

‘ദൈവത്തിന്റെ ശരീരം’ എന്നര്‍ത്ഥം വരുന്ന ‘ദിവ്യാംഗ്’ എന്ന പദമാണ് ‘വികലാംഗര്‍ക്ക്’ പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം മുന്‍പ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച പദമാണ് ‘ദിവ്യാംഗ്’.

ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്യുന്ന മറ്റ് പദങ്ങളിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ‘അന്ധന്‍’ എന്ന വാക്കിന് പകരം ‘കാഴ്ചഹാനി സംഭവിച്ചയാള്‍’ എന്നും ‘ബധിര/മൂക’ വാക്കുകള്‍ക്ക് പകരം ‘സംസാരത്തിനും കേള്‍വിക്കും ഹാനി സംഭവിച്ചയാള്‍’ എന്നുമാകും സൂചിപ്പിക്കുക. ഫെബ്രുവരി ഒന്നു മുതല്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നീക്കം.

കണ്‍സഷന്‍ അപേക്ഷകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഇനി മുതല്‍ ദിവ്യാംഗജന്‍, ദിവ്യാംഗ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment