ബെയ്ജിങ്: ചൈനയും ജപ്പാനും തമ്മില്‍ വര്‍ഷങ്ങളായി താറുമായി കിടക്കുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജപ്പാന്‍ വിദേശകാര്യമന്ത്രി ടാറോ കോനോയുമായി കൂടിക്കാഴ്ച നടത്തി. ബെയ്ജിങ്ങിലായിരുന്നു ഇരുരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ച.
രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ടും കിഴക്കന്‍ ചൈനാക്കടലിലെ ദ്വീപുകളെച്ചൊല്ലിയുമാണ് ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തികളായ ജപ്പാനും ചൈനയും തമ്മില്‍ ശത്രുത തുടരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ നടത്തിയ അധിനിവേശത്തെക്കുറിച്ച് പശ്ചാത്തപിക്കാന്‍ പോലും അവര്‍ തയാറായില്ലെന്ന് ചൈനയ്ക്കു പരാതിയുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും വിയറ്റ്‌നാമില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു.
ജപ്പാന്‍ പ്രതിനിധിയുടെ ചൈനാ സന്ദര്‍ശനം ബന്ധം മെച്ചപ്പെടുത്താനുള്ള ജപ്പാന്റെ താല്‍പര്യത്തിന്റെ സൂചനയാണെന്നും ചൈന ഇത് അംഗീകരിക്കുന്നതായും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും തടസങ്ങളും തര്‍ക്കങ്ങളും ഇടയില്‍ കയറി വരുന്നുണ്ടെന്ന് വാങ് യി വ്യക്തമാക്കി. ഉഭയകക്ഷി ബന്ധത്തില്‍ ജപ്പാന്‍ തടസ്സം സൃഷ്ടിക്കില്ലെന്നാണു പ്രതീക്ഷയെന്നും ചൈന അറിയിച്ചു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഇരു രാഷ്ട്രങ്ങളും അകന്നുപോകാനാണ് സാധ്യത.
Leave a Comment