പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും ആവശ്യം നേരിട്ട് അറിയിക്കുമെന്നും ജഗദീഷ്പാല്‍ വ്യക്തമാക്കി. ചിത്രത്തിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലഭാഗത്തും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടകയിലും അക്രമണം നടന്നിരുന്നു.

ചിത്രം പ്രദര്‍ശിപ്പിച്ച ബലേഗാവിലെ തിയേറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു. സിനിമ കണ്ട് ആളുകള്‍ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

മുമ്പ് ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കിയത്.

pathram desk 1:
Related Post
Leave a Comment