കോഴിക്കോട്: പാതിരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ മിന്നല്‍ ബസിനെ പോലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിക്കേണ്ടി വന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഇടപെടല്‍ വീണ്ടും. ജീവനക്കാര്‍ക്ക് എതിരായാണ് എംഡിയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാര്‍ ഇത് പോസിറ്റീവായി എുടക്കണമെന്നും അദ്ദേഹം പറയുന്നു. എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് എം.ഡി എ ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ ഇറക്കി.
എല്ലാം നിയമത്തിന്റെ വഴിയലല്ല സഞ്ചരിക്കുകയെന്നും ചിലകാര്യങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ഉള്‍ക്കാഴ്ച വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. യാത്രയിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിര്‍വചിക്കാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉള്‍കാഴ്ച വേണം. എല്ലാം നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും പരിഹരിക്കാന്‍ കഴിയില്ല.
പലവിധ സംഘര്‍ഷങ്ങളും ജോലിയിലെ ഉത്തരവാദിത്വവും ജീവനക്കാരില്‍ മനഃസംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. ഇതിനിടയില്‍ യാത്രക്കാരുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാന്‍ കഴിയണം. അതിന് സര്‍ക്കുലര്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പോസിറ്റീവായി ജീവനക്കാര്‍ എടുക്കുമെന്നും എം.ഡി. പറഞ്ഞു.
ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ എ.ജെ. ഗാര്‍ഡ്‌നറുടെ ‘ഓള്‍ എബൗട്ട് എ ഡോഗ്’ എന്ന കഥയും അദ്ദേഹം പറയുന്നുണ്ട്.
രാത്രി കൊടുംതണുപ്പില്‍ നായക്കുട്ടിക്കൊപ്പം ബസില്‍ കയറിയ സ്ത്രീയെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി യാത്രചെയ്യാന്‍ അനുവദിക്കാതിരുന്ന കണ്ടക്ടറെ പറ്റിയുള്ള കഥയാണ് ‘ഓള്‍ എബൗട്ട് എ ഡോഗ്’. സന്ദര്‍ഭം മനസ്സിലാക്കി വിവേചനബുദ്ധി ഉപയോഗിക്കാന്‍ കഥാകാരന്‍തന്നെ കണ്ടക്ടറോട് പറയുന്നതാണ് കഥയുടെ അവസാനഭാഗം. ഈ കഥ ജീവനക്കാരെക്കൊണ്ടു വായിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും വേണമെന്നും മാനേജിങ് ഡയറക്ടര്‍ നിര്‍ദേശിച്ചു. പരിശീലനകാലത്തും ഈ കഥ ഉപയോഗപ്പെടുത്തണം. കഥ ഇംഗ്ലീഷിലും മലയാളത്തിലും സര്‍ക്കുലറിനൊപ്പം അയച്ചിട്ടുണ്ട്.
എന്തായാലും വന്‍ വിവാദമായ ഈ സംഭവം ഇതോടെ കെട്ടടങ്ങുമെന്നാണ് പ്രതീക്ഷ.
Leave a Comment