പുനര്‍ജനിയിലെ അപ്പുവിന്റെ യഥാര്‍ഥ അവകാശി…രാജേഷ്: പ്രണവ് മോഹന്‍ലാലിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിന് പറയാനുള്ളത് കൊടുംചതിയുടെ കഥ

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി ഒരു കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ എത്തിയ ചിത്രമാണ് പുനര്‍ജ്ജനി,. ഈ ചിത്രം സംവിധാനം ചെയ്തത് മേജര്‍രവിയും. പുനര്‍ജിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം പ്രണവിനെ തേടിയെത്തി. ഇത്രയും എല്ലാവര്‍ക്കും അറിയുന്ന കഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വന്‍ചതിയുടെ സമാന്തരകഥയും ഈ ചിത്രത്തിനൊപ്പം നടന്നിരുന്നു. സിനിമ പുറത്തിറങ്ങി ഒന്നര പതിറ്റാണ്ടിനു ശേഷം ആ ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ തിരക്കഥയൊരുക്കിയ രാജേഷ് രംഗത്ത് വന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായി എത്തിയ ഇദയനാണ് താരം എന്ന ചിത്രം എല്ലാവര്‍ക്കും അറിയാം. സിനിമയിലെ ചതിയെകുറിച്ച് പറഞ്ഞ ചിത്രമായിരുന്നു എത്. എവിടെയോ ആരൊക്കെയോ ചേര്‍ന്ന് കളിച്ച ‘ഉദയനാണ് താരം’ കളിയുടെ ബാക്കി പത്രമാണ് ഇവിടെ രാജേഷ്. തന്റെ ആത്മാവ് കൊണ്ട് താനെഴുതിയ കഥയും തിരക്കഥയും പ്രശസ്തിയ്ക്ക് വേണ്ടി മറ്റുള്ളവര്‍ ചേര്‍ന്ന് കൊത്തിപ്പറിക്കുന്നത് ഞെട്ടലോടെ നോക്കി നിക്കാനെ അന്ന് ഇരുപതുകാരനായ രാജേഷിന് ആയുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലാഭേച്ഛയും ലക്ഷ്യമിട്ടുമല്ല രാജേഷ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതും. തന്നിലെ കലാകാരന് താന്‍ തന്നെ നല്‍കുന്ന പിന്തുണയാണ് ഈ തുറന്നു പറച്ചിലെന്ന് രാജേഷ് പറയുന്നു.

എന്റെ ആത്മാവിനെ ഉരുക്കഴിച്ചാണ് ഞാന്‍ ആ കഥ എഴുതിയത്. പ്രണവ് സിനിമയിലേക്കെത്തുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു വിവാദം ഉണ്ടാക്കി പ്രശസ്തി നേടുകയാണ് എന്റെ ഉദ്ദേശമെന്ന് പലരും തെറ്റിദ്ധരിച്ചേക്കാം.സ്വാഭാവികമാണത്. പക്ഷേ ഇപ്പോഴല്ലാതെ ഞാന്‍ എപ്പോഴാണ് പറയേണ്ടത്. അത്തരമൊരു പ്രശസ്തി ആയിരുന്നു ലക്ഷ്യമെങ്കില്‍ പ്രണവ് പുരസ്‌കാരം വാങ്ങിയ ആ ദിവസം എനിക്ക് ഒരു പത്ര സമ്മേളനം നടത്താമായിരുന്നു. എനിക്ക് വേണ്ടത് പ്രശസ്തിയോ പണമോ അല്ല. പുനര്‍ജ്ജനി എന്ന സിനിമയ്ക്ക് പിന്നില്‍ താനുണ്ടായിരുന്നു, ആ അപ്പു തന്റെ കഥാപാത്രസൃഷ്ടിയായിരുന്നു, അത് ലോകം തിരിച്ചറിയണം അത് മാത്രമാണ് ലക്ഷ്യവും ആഗ്രഹവും.

ഞാനും, രാജേഷ് അമനകരയും, അജീഷും ചേര്‍ന്നാണ് പൂജപ്പുര ജംഗ്ഷനിലെ ബ്ലുനെയില്‍ എന്ന ലോഡ്ജില്‍ ഇരുന്ന് ഇതിന്റെ വര്‍ക്ക് തുടങ്ങുന്നത്. രണ്ട് ദിവസം കൊണ്ട് സിനിമയുടെ വണ്‍ലൈന്‍ തയ്യാറാക്കി. ആദ്യം എനിക്ക് പേടിയായിരുന്നു ഈ ത്രഡില്‍ നിന്ന് എവിടെയൊക്കെ കഥ ഡെവലപ് ചെയ്യണം, എന്തെല്ലാം കഥാപാത്രം വേണം എന്നൊന്നും അറിയില്ലായിരുന്നു. രാജേഷ് അമനകരയ്ക്കും ഈ ത്രഡ് അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. പിന്നെ ഞാനാണ് ധിക്കാരിയായ ആ പയ്യനെ അപ്പു എന്നൊരു പേര് നല്‍കി സോപാനം പാടുന്ന ഒരു കഥാപാത്രമായി രൂപപ്പെടുത്തിയെടുത്തത്.(അപ്പു എന്ന ആ പേര് നല്‍കിയതും ഞാനാണ്. പ്രണവിനെ അടുപ്പമുള്ളവര്‍ അപ്പു എന്നാണ് വിളിക്കുന്നത്. അന്ന് എനിക്കത് അറിയില്ലായിരുന്നു. പ്രണവിനെ മനസില്‍ കണ്ടല്ല ആ തിരക്കഥ എഴുതിയതും. യാദൃശ്ഛികമാവാം. അപ്പോള്‍ ആ പേരാണ് എന്റെ മനസില്‍ തെളിഞ്ഞത്. )
റിയാലിറ്റിയും ഫാന്റസിയും കലര്‍ന്ന ഒരു കഥയായാണ് ഞാന്‍ പുനര്‍ജ്ജനി എഴുതിയത്. അതുകൊണ്ടാണ് നാറാണത്ത് ഭ്രാന്തനെ പോലൊരു കഥാപാത്രത്തേയും തിരക്കഥയില്‍ ഉള്‍പ്പെടുത്തിയത്. പാലക്കാട് പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കിയത്. ഒന്നര ആഴ്ചകൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തു. എഴുത്ത് പൂര്‍ത്തിയായതോടെ ദൂരദര്‍ശനില്‍ വലയം എന്ന സീരിയലിന്റെ തിരക്കഥാകൃത്തിനെ കൊണ്ട് തിരക്കഥയില്‍ പാലക്കാടന്‍ സംഭാഷണത്തിന് വേണ്ട മാറ്റങ്ങള്‍ വരുത്തി. ഡയലോഗുകളിലെ ശൈലികളില്‍ മാത്രം മാറ്റം വരുത്തുകയാണ് ചെയ്തത്. അല്ലാതെ കഥയിലോ തിരക്കഥയിലോ അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായതോടെ രാജേഷ് അമനകരയ്ക്കും ഇതെ കുറിച്ച് കൃത്യമായ ധാരണ വന്നു. തുടര്‍ന്ന് കാസ്റ്റിംഗും ഞങ്ങള്‍ തന്നെയാണ് ഇരുന്ന് തീരുമാനിച്ചത്. അനിലാ ശ്രീകുമാറിനേയും, ഊര്‍മ്മിളാ ഉണ്ണിയേയും, ജഗന്നാഥനേയും ചിത്രത്തില്‍ ഉള്‍പ്പെടുത്താമെന്ന ആശയം ഞാനാണ് മുന്നോട്ട് വച്ചത്. ഇവരൊക്കെയാണ് പിന്നീട് ചിത്രം ഇറങ്ങിയപ്പോള്‍ ഇതില്‍ അഭിനയിച്ചതും.

താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ചിത്രത്തിലെ കുട്ടിയായ കേന്ദ്ര കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക എന്നത് നിശ്ചയിക്കാനാണ് ഏറെ സമയം എടുത്തത്. അന്ന് മാസ്റ്റര്‍ അരുണിനേയും, മാസ്റ്റര്‍ അശ്വിനേയുമൊക്കെ ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. തിരക്കുകള്‍ കാരണം അവരെയൊന്നും പറ്റിയില്ല. ഒന്നരയാഴ്ചയോളം കുട്ടികള്‍ റോളര്‍സ്‌കേറ്റിംഗ് പഠിക്കുന്ന പല സ്ഥലങ്ങളിലൊക്കെയായി എന്റെ മനസിലുണ്ടായിരുന്ന അപ്പുവിനെ തേടി നടന്നിരുന്നു. പിന്നീട് ഞാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് പരിഗണിക്കാമെന്ന് പറയുന്നത്. ലുക്ക് വൈസ് നല്ല രസമുള്ള പയ്യനാണ്, ഫ്രഷ് മുഖമാണ് ഇതൊക്കെയാണ് പ്രണവിനെ പരിഗണിക്കാമെന്ന് ഞാന്‍ കരുതിയതിന്റെ കാരണങ്ങള്‍. അവരും അതിന് സമ്മതം പറഞ്ഞു.

അന്ന് സീരിയലിന്റെ വര്‍ക്കൊക്കെയായി നടക്കുകയായിരുന്നു ഞാന്‍. തിരക്കഥ എഴുത്ത് തുടങ്ങിയതോടെ അത്രയും ദിവസം ജോലിയൊന്നും ഇല്ലാതെയാണ് ഇരുന്നതും. ജോലിയില്ലാതെ ഇത്രയേറെ ദിവസം നില്‍ക്കുന്നത് എനിക്ക് അന്ന് പ്രയാസമായിരുന്നു. കഥാപാത്രത്തെ ഇവര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ഞാന്‍ വീണ്ടും കണിയാപുരത്ത് ഒരു സീരിയല്‍ വര്‍ക്കിനായി ജോയിന്‍ ചെയ്തു. തിരക്കഥയുടെ കോപ്പി സൂക്ഷിക്കണമെന്നോ, അങ്ങനെ കൊടുത്തിട്ട് പോകരുതെന്നോ എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം രാജേഷ് അമനക്കരയെ ഏല്‍പ്പിച്ചാണ് ഞാന്‍ പോകുന്നത്. സീരിയലിന്റെ വര്‍ക്കിന് ജോയിന്‍ ചെയ്ത ശേഷം നിരവധി തവണ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല. അന്ന് മൊബൈല്‍ ഒന്നും ഇല്ല. പേജറായിരുന്നു. ഒരിക്കല്‍ അജീഷിനെ കിട്ടി. അന്ന് അജീഷ് പറഞ്ഞത് മോഹന്‍ലാലിന്റെ മകനെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോകുകയാണ്. എല്ലാം പെട്ടെന്ന് ശരിയാകുമെന്നുമാണ്. ആ വാക്ക് കേട്ട് ഞാന്‍ വീണ്ടും സീരിയല്‍ തിരക്കിലേക്ക് മടങ്ങിപ്പോയി. എന്തെങ്കിലും റെഡി ആയാല്‍ ഇവര്‍ അറിയിക്കുമെന്നായിരുന്നു ധാരണ.

15ദിവസത്തെ സീരിയലിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഞാന്‍ ഇവരെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരാരും എന്റെ ഫോണിന് പ്രതികരിച്ചില്ല. രണ്ട് മാസത്തിന് ശേഷം പിന്നീട് താന്‍ അറിയുന്നത് കൈരളി തീയറ്ററില്‍ തന്റെ ഈ ചിത്രത്തിന്റെ പ്രിവ്യൂ നടക്കുന്നുവെന്നാണ്. എന്റെ ഒരു സുഹൃത്തായ രാജേഷ് തലച്ചിറ പറഞ്ഞിട്ടാണ് ഞാനിത് അറിയുന്നത്. രാജേഷ് തലച്ചിറയ്ക്ക് ഞാന്‍ ഈ സിനിമയില്‍ ഉള്‍പ്പെട്ട കാര്യം അറിയാം. പൂജപ്പുര ലോഡ്ജില്‍ ഈ സിനിമയുടെ തിരക്കഥ ഞാന്‍ എഴുതുന്ന സമയത്ത് തലച്ചിറ അവിടെ വന്നിട്ടുണ്ട്. അപ്പോള്‍ സ്‌ക്രിപ്റ്റും വായിച്ച് കേട്ടിരുന്നു. സത്യത്തില്‍ അവന്‍ എന്നെ വിളിക്കുന്നത് സിനിമ പുറത്തിറങ്ങിയ സന്തോഷത്തിലാണ്. എന്നാല്‍ ഞാന്‍ അതില്‍ ഉള്‍പ്പെട്ടില്ലെന്ന് അപ്പോളാണ് ഞങ്ങള്‍ ഇരുവരും തിരിച്ചറിയുന്നത്. തിരക്കഥയുടെ മുഴുവന്‍ ക്രെഡിറ്റും രാജേഷ് അമനകരയ്ക്കും, മേജര്‍ രവിയും രാജേഷും കൂടിയാണ് ചിത്രം സംവിധാനം ചെയ്തതെന്നും ഞാന്‍ അപ്പോഴാണ് അറിഞ്ഞത്.

പിറ്റേ ദിവസം പുനര്‍ജ്ജനി എന്ന സിനിമയെ കുറിച്ച് ഒരു ചാനലില്‍ സ്‌പെഷ്യല്‍ ഷോയും വന്നു. രാജേഷ് അമനകരയും, മേജര്‍ രവി സാറും പങ്കെടുത്ത അരമണിക്കൂര്‍ പ്രോഗ്രാമായിരുന്നു അത്. തന്റെ ഒരു ഡ്രീം പ്രോജക്റ്റായിരുന്നു അതെന്ന് രാജേഷ് അമനകര ഈ സിനിമയെ കുറിച്ച് പറഞ്ഞത് ഞാന്‍ എന്റെ വീട്ടില്‍ ഇരുന്ന് നിസഹായനായി നിറകണ്ണുകളോടെയാണ് കേട്ടത്. പ്രശസ്തി ഒന്നും പ്രതീക്ഷിച്ചല്ല അന്ന് സിനിമയ്ക്കായി അവര്‍ക്കൊപ്പം സഹകരിച്ചത്. എന്നിട്ടും ഒന്നുമല്ലാതായി തീരുന്നതിന്റെ വേദന അത് ഞാന്‍ നന്നായി അനുഭവിച്ചു. വല്ലാത്ത മാനസിക സംഘര്‍ഷം അനുഭവിച്ച ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment