ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും; കേസ് നാളെ രജിസ്റ്റര്‍ ചെയ്യും, അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കും. സിബിഐ തിരുവനന്തപുരം യൂണിറ്റ് നാളെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ തൃപ്തിയില്ല. സര്‍ക്കാരിന് നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരം നിര്‍ത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.

pathram desk 1:
Leave a Comment