ഇരട്ടപദവി: 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി, നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റേത്

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് ഭീഷണിയാകില്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎല്‍എമാര്‍ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. 21 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെ 21 എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി ഇവരെ ചോദ്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ആരോപണവിധേയരായ എംഎല്‍എമാരെ അയോഗ്യരാക്കിയ സാഹചര്യത്തില്‍, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

pathram desk 1:
Related Post
Leave a Comment