പദ്മാവത് പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രകോപനം മുന്നറയിപ്പ് അവഗണിച്ചത്

പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹാറിലെ എല്ലാ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ പാട്നയിലെ ഒരു തീയേറ്റര്‍ മാത്രമാണ് പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വന്നത്.

ബിഹാറില്‍ മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലും കര്‍ണി സേന പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. തിയേറ്ററുകള്‍ ‘പദ്മാവത്’ പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ രജപുത് കര്‍ണ്ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിനു ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിലക്കിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചിത്രത്തിന്റെ വിലക്ക് നീക്കിയത്.

അതേസമയം വിലക്ക് നീക്കിയ സുപ്രീംകോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതുള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ റിലീസിന് വിലക്കേര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.

pathram desk 1:
Related Post
Leave a Comment