പശുവിന്‍ പാലിന് പാപങ്ങളെ കഴുകി കളയാനുള്ള ശക്തിയുണ്ട്…! ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഔഷധം; വിവാദ പരാമര്‍ശവുമായി ഗോ സേവ ആയോഗ്

ന്യൂഡല്‍ഹി: പശുവിന്‍ പാലിന് പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്ന് ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ള. ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഒഷധമാണെന്നും മംഗ്ള പറഞ്ഞു.

തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ പശു തെറാപ്പിക്ക് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു തെറാപ്പി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ജയില്‍വളപ്പില്‍ പശുക്കളെ വളര്‍ത്തുന്നതിലൂടെ ജയിലിലെ അന്തേവാസികളുടെ ഉള്ളിലെ ദുഷ്ചിന്തകളെല്ലാം അകലുമെന്നാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 600 പശുക്കളെ വാങ്ങാനും ജയില്‍വളപ്പില്‍ കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ ഒന്നരക്കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന സംഘടനയായ ഗോ സേവാ ആയോഗിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

‘ഹിന്ദുമതത്തിന്റെ ഭാഗമാണ് പശുക്കള്‍. അവയെ സംരക്ഷിക്കുന്നവര്‍ക്കായി സവിശേഷ ശക്തികള്‍ നല്‍കാന്‍ കഴിവുള്ളവയാണ് പശുക്കള്‍’. മംഗ്ള പറഞ്ഞു. പശുക്കള്‍ നല്‍കുന്ന ശുദ്ധമായ പാലിന് ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്നും മംഗ്ള അവകാശപ്പെടുന്നു. മാത്രമല്ല, ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഒഷധമാണെന്ന് വിശ്വാസികള്‍ക്ക് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment