ഗണേഷ് കുമാറിന് തിരിച്ചടി; മന്ത്രിയാകുന്നത് തടയാന്‍ പവാറിനെ സമീപിച്ച് ചാണ്ടിയും ശശീന്ദ്രനും

തിരുവനന്തപുരം: എന്‍സിപിയില്‍ ചേര്‍ന്ന് മന്ത്രിയാകാനുള്ള കെ.ബി. ഗണേഷ് കുമാറിന്റെ നീക്കത്തിന് തിരിച്ചടി. എന്‍സിപിയുടെ ഭാഗമാകാനുള്ള കേരള കോണ്‍ഗ്രസി(ബി)ന്റെ നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ. ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ട് ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാര്‍ ഉറപ്പുനല്‍കിയെന്നാണു വിവരം. പിള്ള വിഭാഗത്തെ എന്‍സിപിയില്‍ ലയിപ്പിച്ചു കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ ശ്രമിച്ചിരുന്നു.
ചാണ്ടി, ശശീന്ദ്രന്‍ വിഭാഗങ്ങള്‍ എതിര്‍ത്തതോടെ നിര്‍ത്തിവച്ചെങ്കിലും ആ നീക്കം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നു വന്നതോടെയാണ് എ.കെ. ശശീന്ദ്രന്‍, മാണി സി. കാപ്പന്‍, സലീം പി. മാത്യു എന്നിവര്‍ പവാറിനെ സമീപിച്ചത്. വിദേശത്തായതിനാല്‍ ചാണ്ടി കൂടിക്കാഴ്ചയ്ക്കുണ്ടായില്ല.
കേസുകളില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പുറത്തുള്ള ഒരാളെ എന്‍സിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേഷിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാര്‍ നല്‍കിയെങ്കിലും കേരള നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു.
ആര്‍.ബാലകൃഷ്ണപിള്ള നേരത്തേ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ അവര്‍ പവാറിനു കൈമാറി. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ എല്‍ഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. ഗണേഷിനു പകരം കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായം ചാണ്ടിക്കുണ്ടെങ്കിലും ശശീന്ദ്രനെക്കൂടി ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.
മാണി സി.കാപ്പനെതിരെ കേന്ദ്രനേതൃത്വത്തിനു പീതാംബരന്‍ നല്‍കിയ പരാതിയിന്മേല്‍ തന്റെ ഭാഗം കാപ്പന്‍ വിശദീകരിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം, കുന്നത്തുനാട് ബ്ലോക്ക് സെക്രട്ടറി സി.വി.വര്‍ഗീസ് എന്നിവര്‍ക്കെതിരെ പീതാംബരനെടുത്ത സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, നടപടികള്‍ പാടില്ലെന്ന കാര്യം പരിഗണിക്കാമെന്നും പവാര്‍ അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള പരാതികളും പവാറിനെ ധരിപ്പിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment